Monday, December 3, 2007

ഓര്‍മ്മ


അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി

ഇവര്യെല്ലാം പോലീസുപിടിക്കുമ്പം
കല്യാണിക്ക്
അഞ്ചരമാസം വയറ്റിലേനും
ജയില്ന്ന് എല്ലാരുംകൂടി എഴ്തിയ കത്ത് വന്നത്
എടവം ഇരുപത്തിനാലിനാന്ന്
കോടതീലേക്ക് കൊണ്ടരുമ്പം കാണാമ്പോയത്
കര്‍ക്കടം രണ്ടിനേര്ന്നു
ഈശ്വരമ്മാറേ...എന്റെ പല്പ്മനാവന്‍ കുട്ടി!

ഇപ്പളത്തെ മാഷമ്മാര്‍ക്കൊന്നും
തീരെ ഒച്ചയില്ലപ്പാ..
അപ്പുക്കുണ്ടന്‍ നമ്പൂര്യൊക്കെ
പടിപ്പിക്കുന്നത് കേക്കണം
“അപ്പോള്‍
മാളത്തില്‍ നിന്നൊരു ശബ്ദം കേട്ടു:
പുലിയമ്മാവാ‍,ഇനി നിങ്ങള്‍ക്ക് പോകാം
ഞങ്ങളുടെ വഴക്ക് തീര്‍ന്നു”

നിന്നെക്കാളും
രണ്ടുമാസോം ദിവസോം മൂക്കും
അനൂപ്

എന്നൊക്കെ ഓര്‍ത്തെടുക്കുന്നത്
ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല.
അപേക്ഷാ ഫോറം പൂരിപ്പിക്കാനോ
പരീക്ഷക്കോ
കവിതയെഴുതാന്‍ പോലുമോ അല്ല.

Monday, November 12, 2007

ലഘു

നൂറുവട്ടം ഏത്തമിട്ടതും
വൈകുന്നേരം വരെ
ബഞ്ചില്‍ക്കയറി നിന്നതും
നുള്ളും അടിയും കൊണ്ടതും പോരാഞ്ഞ്
നാളെ
അച്ഛനെയും കൂട്ടി വരണമെന്നോ?

എന്റെ മാഷേ....
എങ്ങനെ ചൊല്ലി നീ‍ട്ടിയാണ്
നിങ്ങളെയൊക്കെ ഗുരുവാക്കുക
എന്നു മാത്രമല്ലേ
ഞാന്‍ ചോദിച്ചുള്ളൂ?
-------------------------------------------
വെള്ളെഴുത്ത് ഈ കവിതയെ പാടി നീട്ടിയത് ഇങ്ങനെ

Wednesday, November 7, 2007

കിണര്‍

(2007 നവംബറില്‍ തര്‍ജ്ജനി യില്‍ പ്രസിദ്ധീകരിച്ചത്)

സ്വച്ഛമായി
സ്വതന്ത്രമായി
കിണറിനെപ്പറ്റി
എഴുതിക്കളയാമെന്നുകരുതിയാണ്
പൊട്ടക്കിണറ്റിലേക്കൊന്നു
നോക്കിയത്.

വെള്ളമോ,തവളയോ,മണ്ടലിയോ
കളിക്കുമ്പോള്‍ തെറിച്ചുവീണ പന്തോ,
കൊതുകോ,ചിലന്തിയോ,
വലയില്‍പ്പിടക്കുന്ന കൂറയോ,

ചത്ത കുറുക്കനോ കോഴിയോ
ചീഞ്ഞതേങ്ങയോ
ബാക്കിവെച്ച നാറ്റമോ

എന്നെ
തീണ്ടിയില്ല.

അച്ഛന്‍പോലും ജനിക്കും മുമ്പ്
അതിനകത്ത്
ഒളിവില്‍കഴിഞ്ഞ
കാന്തലോട്ട് കുഞ്ഞമ്പു
‘ബാ,നമ്മക്കൊരു കാപ്പികുടിക്കാം’ എന്ന്
ക്ഷണിച്ചു.

കാപ്പികുടിച്ച്
ഞാന്‍
ഗ്ലാസ്സ്
കമഴ്ത്തിവെച്ചു.
---------------------------
*ടി.പി. രാജീവന്റെ ‘വെള്ളം’ എന്ന കവിതയോട് കടപ്പാട്.

Thursday, November 1, 2007

*കൊറിയ


വട്ടവും വരയുംകൊണ്ട്
ഭാഷയുണ്ടാക്കാമെന്ന അറിവ്.

എത്രയെത്ര യുദ്ധങ്ങള്‍..
കൊടും പട്ടിണി,ദുരിതങ്ങള്‍.....

എന്തെല്ലാമെന്തെല്ലാമുണ്ടായി...
എല്‍.ജി,സാംസങ്ങ്,ഹ്യുണ്ടായി!...

എന്തിനധികം പറയുന്നു.
വെറും
വട്ടവും വരയും കൊണ്ട്
ഒരു ഭാഷതന്നെയുണ്ടാക്കാമെന്ന അറിവ്!!.
---------------------------------------
* കൊറിയന്‍ അക്ഷരങ്ങള്‍ (ഹങ്കുല്‍), വട്ടവും വരകളും മാത്രം ഉപയോഗിച്ചാണ് എഴുതുന്നത്. ജോസോന്‍ രാജവംശത്തിലെ നാലാമത്തെ രാജാവ് സേജോങ്ങ് ആണ് 15-ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്നു കാണുന്നതരത്തിലുള്ള ലളിതമായ കൊറിയന്‍ ലിപി ഉണ്ടാക്കിയത്. അതു വരെ സങ്കീര്‍ണ്ണമായ, ചൈനീസ് ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്.

Wednesday, October 31, 2007

കൊറിയന്‍ കവിതകള്‍

1) നിശ

കവി: ദോങ്ങ്-മ്യുങ്ങ് കിം : (1900 ജൂണ്‍ 4 ~ 1968 ജനുവരി 21)
നിശ,
നീലബാഷ്പത്തില്‍പ്പൊതിഞ്ഞ തടാകം.
ഞാനൊരു മുക്കുവന്‍.
നിദ്രതന്‍ തുഴവഞ്ചിയേറി
ചൂണ്ടയിടുന്നൂ കിനാവുകളെപ്പിടിക്കുവാന്‍.

2) പാറ

കവി: ചി-ഹ്വാന്‍ യു: (1908 ജൂലൈ 14~ 1967 ഫെബ്രുവരി 13)

ഞാന്‍ മരിച്ചാലോ സഹതാപമോ സന്തോഷമോ
ദേഷ്യമോ തോന്നാത്തതാമൊരുപാറയായ് മാറും.
കാറ്റിലും മഴയിലും ഉരുണ്ടുനീങ്ങീടുമ്പോള്‍
അനാദിയും വ്യക്തിത്വശൂന്യവുമാം മൌനത്തില്‍
സ്വയം ഉള്ളിലേക്കായി ചുരുളും,അതുമാത്രം.
ഒടുക്കം മറന്നേ പോം,സ്വന്തമസ്തിത്വം പോലും;
പൊങ്ങിക്കിടക്കും മേഘം,വിദൂരമിടിനാദം!
സ്വപ്നം കാണുമെങ്കിലും പാടുകില്ലൊരു പാട്ടും
കഷ്ണങ്ങളായീടിലും മിണ്ടുകില്ലൊരുവാക്കും
ഞാനിതു പോലുള്ളൊരു പാറയായ് മാറും തീര്‍ച്ച.
----------------------------------
ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Monday, October 29, 2007

കുറുനരി (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

i )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എല്ലാവരും സുന്ദരികളായിരുന്നു.
എല്ലാവര്‍ക്കും പരമ്പരാഗതമായി മാജിക്കുകള്‍ അറിയാമായിരുന്നു.
എന്റെ അമ്മയാണ് എന്നെ പഠിപ്പിച്ചത്.
വീഞ്ഞ്, ചോറ്,ഉപ്പ് എന്നിവയൊക്കെയായി
നമ്മളല്ലാവരുംകൂടി
പാമ്പിനെയും,വെള്ളത്തെയും കിഴക്കിനെയും പേടിച്ച് ജീവിച്ചു.
ii )
എന്റെ രണ്ടുമാസം പ്രായമുള്ള മകള്‍
ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതേയുള്ളൂ.
കുറുനരി അവളോട് സംസാരിക്കുന്നു.
അത് സംസാരിക്കുമ്പോള്‍ അവളൊന്ന്
ചിരിക്കുക മാത്രം ചെയ്യുന്നു.
അങ്ങനെ അങ്ങനെ അങ്ങനെ.
കുറുനരി ഒരു വരണ്ട നിരപ്പ് എന്ന് പറയുമ്പോള്‍
എന്റെ മകള്‍ നിരപ്പ്,നിരപ്പ്,നിരപ്പ് എന്ന് പറയുന്നു.
കുറുനരി നീ നുണ പറയില്ല എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയില്ല പറയില്ല പറയില്ല എന്ന് പറയുന്നു.
കുറുനരി എനിക്കു വിശക്കുന്നു എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയുന്നു, എനിക്കും വിശക്കുന്നു.
കുറുനരി ചിരിക്കുമ്പോള്‍
എന്റെ മകള്‍ പറയുന്നു ഹ .ഹ

എന്റെ മകളുടെ അച്ഛന്‍ പറഞ്ഞു.
*എനിക്ക് കുറുനരിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
എനിക് സ്വയം ഒറ്റപ്പെടണം
എനിക്ക് കുറുനരിയെ അല്ലാതൊന്നിനെയും കാണണ്ട
എനിക്കൊരു കുറുനരിയാവണം.
എന്റെ സ്വന്തം അച്ഛനും ഇങ്ങനെത്തന്നെ പറഞ്ഞിരുന്നു.
iii )
എന്റെ അമ്മക്ക് ധാരാളം പാലുണ്ടായിരുന്നു
ഒരേയൊരു മകളെ പോറ്റാന്‍ വേണ്ടതിലുമെത്രയോ അധികം.
എന്റെ അമ്മമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
അവര്‍ നാലു പെണ്ണിനെയും രണ്ടാണിനെയും പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
ഒരു ചിറ്റമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
വേറൊരു ചിറ്റമ്മ മൂന്നാണ്‍കുട്ടികളെ പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
മറ്റൊരു ചിറ്റമ്മ അവരുടെ ദത്തുപുത്രന് വരണ്ട മുലകൊടുത്തു. എന്നിട്ട്
മഴപെയ്യുമ്പോലെ പാലു വരുന്നതു വരെ അവനെ കൊണ്ട് മുല ഈമ്പിച്ചു.
iv )
എല്ലാം നനഞ്ഞതാണ്.
എന്റെ അമ്മമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ആര്‍ദ്രമാണ്.
പുരികവും പല്ലുകളുമില്ലാത്തത്.!
ഒരു ചിറ്റമ്മയുടെ സുന്ദരമായ മുഖം
തടിച്ചചുണ്ടുകളും,ചെറിയ കീഴ്ത്താടിയും പല്ലും രോമവുമുള്ളത്.
വേറൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പുരികങ്ങള്‍ വൃഥാവിലായെന്ന മട്ടിലുള്ള കണ്ണുകള്‍.
മറ്റൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പ്രായത്തിന്റെ കലകള്‍.
എന്റെ അമ്മയുടെ സുന്ദരമായ മുഖം
കോടിയ കവിളുകളും,കണ്ണുകളുമുള്ളത്.
പല്ലില്ലാത്തത്.
രോമമില്ലാത്ത തോള്‍.
എല്ലാവരുടെയും മുലകള്‍
ഇടിഞ്ഞു തൂങ്ങിയിരുന്നു.
v )
അവര്‍ ഒരു വൃത്തത്തിനകത്ത് ഒത്തുകൂടുന്നു.
കുടുംബത്തിലെ കുഞ്ഞുങ്ങളെ തുള്ളിക്കളിപ്പിച്ചു കൊണ്ട്.
എന്റെ മകളാണ് ഏക ചെറുമകള്‍.
ഒരേയൊരു മരുമകള്‍.
വൃത്തത്തിനകത്തെ പെണ്ണുങ്ങള്‍ സംസാരിക്കും.
അവരുടെ വാക്കുകള്‍ കൊച്ചുവര്‍ത്താനങ്ങളാകും.
വളരെ വേഗം
അമ്പതുമുതല്‍ തൊണ്ണൂറുവരെ
(ഏറ്റവും മുതിര്‍ന്നയാള്‍ 10 കൊല്ലം മുന്‍പ് മരിച്ചെങ്കിലും)
ആ വൃത്തത്തില്‍ വന്നു ചേരും.
എന്നിട്ട് മന്ത്രങ്ങളുരിവിടും.
**ഗതേ ഗതേ പാരഗതേ
പാരസംഗതേ
ബോധി സ്വാഹാ
ഗതേ ഗതേ പാരഗതേ പരാസംഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ
പരഗതേ
vi )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എന്റെ അപ്പൂപ്പന് തളര്‍വാതമായിരുന്നു.
എന്റെ അമ്മാവന്‍ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.

മറ്റൊരാള്‍ മൂകനായിരുന്നു,ഒരു കക്കയെപ്പോലെ.
എന്റെ അച്ഛന് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ല.
എന്റെ അമ്മയുടെ ഭര്‍ത്താവ് അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു.
ഞാന്‍ എന്റെ മകളെ പ്രസവിക്കുന്നതിനുമുമ്പേ,
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും.

കുറുനരി പറയുന്നു.
ഗതേ ഗതേ പാരഗതേ
എന്റെ മകള്‍ പറയുന്നു പാരസമാഗതേ
കുറുനരി പറയുന്നു ബോധിസ്വാഹാ
എന്റെ മകള്‍ പറയുന്നു ഗതേ ഗതേ പാരഗതേ
പാരസമാഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ

പാരഗതേ.
vii )
ഇത് വളരെ ആര്‍ദ്രമാണ്.
ഇക്കൊല്ലത്തെ സമയവും മഴയും.
എന്റെ അമ്മ പ്രാകുന്നു,ആര്‍ദ്രതയെ.
ഉറക്കെ ദിവ്യമന്ത്രങ്ങളുരുവിടുന്നു.
വീഞ്ഞും മഴയും!
ചോറും മഴയും!
ഉപ്പും മഴയും!

എന്റെ ദൈവമേ...
യജമാനനായ പാമ്പേ...
ഞങ്ങളോട് ക്ഷമിക്കേണമേ..
വെള്ളമെല്ലാം കിഴക്കോട്ടേക്കൊഴുക്കേണമേ...
-------------------------------(1987)
*പ്രശസ്ത കലാകാരന്‍ ജോസഫ് ബോയ്സിന്റെ വരികള്‍. ന്യൂയോര്‍ക്കിലെ റെനെ ബ്ലോക്ക് ഗാലറിയില്‍ 1974-ഇല്‍ നടത്തിയ പ്രകടനത്തില്‍, ഒരു കുറുനരിയുടെ കൂടെ സ്വയം കൂട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ്ങ് ഇവിടെ.
** ബുദ്ധസൂക്തം. (നിര്‍വ്വാണത്തെക്കുറിച്ച്)
--------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം

Saturday, October 27, 2007

വട്ട്

നിനക്ക് വട്ടുണ്ടെന്ന് പറയുമ്പോള്‍
ആള്‍ക്കാര്‍ എന്തിനാണ്
അവരുടെ തലക്കു പിറകില്‍
വിരലുകൊണ്ട് വട്ടം വരയുന്നത്?.

അന്വേഷണത്തിനൊടുവില്‍
മഹാന്മാരുടെ തലക്കുപിറകില്‍
വട്ടമുണ്ടെന്നും
വട്ടിന്റെ ഉറവിടം അതാണെന്നും
ഞാന്‍
വേദനയോടെ കണ്ടെത്തി.
------------------------------
2000-ല്‍ എഴുതിയത്.