Saturday, July 4, 2020
ഒരുക്കം
Tuesday, June 23, 2020
പ്രാതൽ
Monday, April 6, 2020
ഒരു നുള്ള് കവിത
ഒരു വലിയ കവിതയിൽ നിന്നും
ഒരുവിധം നീന്തിക്കയറി
എന്റെ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ
അയാൾ (എന്നേക്കാൾ ഒരു ആറോ ഏഴോ വയസ്സ് മൂക്കും)
ഒരു സഞ്ചിയും മണ്ണെണ്ണക്കേനുമായി
നമ്മുടെ പറമ്പിലൂടെ
റേഷൻ പീട്യേലേക്ക് പോകുമായിരുന്നു.
അതിനിടയിലൂടെ നമ്മളെ നോക്കുന്ന
അയാളുടെ കുനിഞ്ഞ മുഖത്തുള്ള
നിഷ്കളങ്കത
എനിക്കും എന്റെ കൂട്ടുകാർക്കും
അത്ര പിടിച്ചില്ല.
ഞാനൊരു ദിവസം അയാളെ നോക്കി
ഒരു നല്ല ചീത്ത വിളിച്ചു നോക്കി
അയാൾ എന്നെയൊന്നു നോക്കുകമാത്രം ചെയ്ത്
നടന്നു പോയി
പിന്നൊരു ദിവസം
കുറേ ചീത്തകൾ വിളിച്ചു
അങ്ങനെയങ്ങനെ
എന്റെ ചീത്തകളെല്ലാം കഴിഞ്ഞു
അടുത്ത ആഴ്ചത്തേക്ക്
ആലോചിച്ചാലോചിച്ച് ഞാൻ
ചില ചീത്തവാക്കുകൾ ഉണ്ടാക്കി
വിളിച്ചുനോക്കി
എന്നിട്ടും
അയാൾ പ്രതികരിച്ചില്ല
കണ്ണടയ്ക്കുള്ളിലൂടെ
പതിഞ്ഞ ഒരു നോട്ടം
പതിവുപോലെ തന്ന്
അയാൾ നടന്നുപോയി.
ചില ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു.
അയാൾ വന്നപ്പോൾ
ഞാൻ അയാളുടെ
കൈക്ക് കടന്നു പിടിച്ചു
ഒന്നു നുള്ളി
ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്ത്
അയാൾ പോയി
ഞാൻ എന്റെ നുള്ളിനെ കുറിച്ച്
ആലോചിച്ചു തുടങ്ങിയത്.
അന്നാദ്യമായിട്ടായിരുന്നു
ഞാനെന്റെ ചൂണ്ടുവിരലും തള്ളവിരലും
ശരിക്കും കാണുന്നത്
ഇവയുപയോഗിച്ച്
എങ്ങനെയൊക്കെ നുള്ളാം എന്ന പഠനത്തിനായി
എന്റെ കൂട്ടുകാർ
അവരുടെ കൈകൾ
എനിക്കു വിട്ടുതന്നു.
നഖം വളർത്താൻ തുടങ്ങി
അടുത്ത ആഴ്ച അയാൾ വന്നില്ല
പിന്നത്തെ ആഴ്ചയും വന്നില്ല
അതിന്റെ അടുത്ത ആഴ്ച വന്നു.
“ഏട്യാടാ നായിന്റെ മോനേ നീ പോയിന് ” എന്ന്
ഞാൻ അലറി.
അയാൾ പതുക്കെ പറഞ്ഞു
‘പനിയേര്ന്നു’.
ആദ്യമായാണ് അയാളുടെ ഒച്ച നമ്മൾ കേൾക്കുന്നത്
നീണ്ട കാത്തിരിപ്പിന്റെ കരുത്തിൽ
ഞാൻ എന്റെ
നീണ്ട നഖങ്ങൾ കൊണ്ട്
അയാളെ നുള്ളി
അയാൾ പോയി
അയാളുടെ തണുത്ത പ്രതികരണം
ഞങ്ങളെ നിരാശപ്പെടുത്തി.
അടുത്ത ആഴ്ച
ഞാനെന്റെ എല്ലാ ശക്തിയുമെടുത്ത്
ഒരു നുള്ളു നുള്ളി
അയാളുടെ കൈത്തണ്ടയിൽ
ചോര വാർക്കുന്ന രണ്ടു ചന്ദ്രക്കലകൾ!
അന്നും
ആാാാാ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാൾ പോയി
തിരിച്ചയാളൊരു
തല്ലെങ്കിലും തരുമെന്നായിരുന്നു
എന്റെ പ്രതീക്ഷ
കുറ്റബോധം കൊണ്ട് ഞാൻ നീറി
അടുത്ത ആഴ്ച അയാൾ വരുന്ന സമയം
ഞാൻ എന്റെ വീട്ടിന്റെ മൂലയിലൊളിച്ചു.
എനിക്കു പകരം
എന്റെ ഒരു കുഞ്ഞു കൂട്ടുകാരി
അയാളെ നുള്ളുന്നത് ഞാൻ ജനലിലൂടെ കണ്ടു
അയാൾ അവളോട് ഒന്ന് ചിരിക്കുന്നതും.
പിന്നെ ഞാൻ അയാളെ കണ്ടതായി ഓർക്കുന്നില്ല
എന്തിനാണ് ഞാൻ അയാളെ നുള്ളിക്കൊണ്ടിരുന്നത്
എന്നെനിക്കറിയില്ല
എന്തിനാണ് ഞാൻ കവിതയെഴുതുന്നതെന്ന്
എനിക്കറിയാത്ത പോലെ തന്നെ
ചിന്തയുടെ മുള്ളുകൾ കൊണ്ട്
ഞാനൊരു പ്രത്യയശാസ്ത്രമുണ്ടാക്കി
എസ് എൻ കോളേജിൽ പഠിക്കുമ്പോൾ
ജാഥകൾക്കിടയിലോ മറ്റോ
എനിക്കും എന്റെ കൂട്ടുകാർക്കും
നല്ലോണം തല്ലു കിട്ടാറുണ്ട്.
എന്റെ കൂട്ടുകാർ
അവരെ തല്ലിയവരെയെല്ലാം തിരിച്ചു തല്ലി
ഞാനാണെങ്കിൽ
ഒരു തല്ലുപോലും തിരിച്ചു കൊടുത്തില്ല
എന്നെ തല്ലാനോങ്ങിയ ഒരു കൈ
പൊടുന്നനെ
ഒരു തെയ്യം അനുഗ്രഹിക്കുന്നതുപോലെ
വായുവിൽ അനങ്ങാതെ നിന്നു പോകുന്നതും
ആ കൈയുടെ ഉടമയുടെ കണ്ണുകളിൽ
കരുണയുടെ വിളയാട്ടം കണ്ടതും
ഇന്നും ഓർമ്മയിലുണ്ട്.
ഞാൻ ഇന്ന് രാജീവേട്ടനെയും വിളിച്ചു
നമ്മുടെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിച്ചു
പണ്ട് റേഷൻ പീട്യയിൽ പോകുന്ന സമയത്ത്
ഒരു ദിവസം
ഒരു ചെറിയ പെൺകുട്ടി
തന്നെ
മൃദുവായി തലോടിയത്
ഇപ്പോഴും ഓർമ്മയിലുണ്ടെന്ന്
രാജീവേട്ടൻ പറഞ്ഞു!
അപ്പോൾ
എവിടെപ്പോയി
എന്റെ കൂർത്തു മൂർത്ത നുള്ളുകൾ ?
രാജീവേട്ടാ......
ശരിക്കും
രാജീവേട്ടന്റെ കൈ നുള്ളി
തോലുപൊളിച്ചിരുന്നത് ഞാനാണ്.
എന്റെ കനത്ത നുള്ളുകൾ ഓർമ്മയില്ല
ഓർമ്മയിലുള്ളത്
ആ പെൺകുട്ടിയുടെ
നേർത്ത നുള്ളു പോലെയുള്ള
തലോടൽ മാത്രം!
അല്ല
ഞാൻ നുള്ളിയിട്ടുണ്ട്
ഞാനാണ് നുള്ളിക്കൊണ്ടിരുന്നത്
എന്റെ നുള്ളാണ് നുള്ള്...
കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞ്
ഒരു തീർപ്പാക്കി.
ഇല്ലെങ്കിൽ
എങ്ങനെ തീർക്കുമായിരുന്നു
ഞാൻ എന്റെ
ഈ കവിത!I
പാട്ട്
ഹെലിൻ ബോളക്കിന്റെ
കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
കരുത്തുള്ള ഒരു നോട്ടത്തിന്റെ
ഈണത്തിൽ
സമരത്തിനു പകരം
സമരസപ്പെടുന്നവരെ
പരിഹസിച്ചുകൊണ്ട്
ആ കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
Friday, April 3, 2020
കൊറോണാക്കാലത്തെ കവിത
എന്റെ അമ്മമ്മയെ
ഒരു തവണകൂടി കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
പണ്ട്
ഞാനൊരു കവിതയാക്കിയിട്ടുണ്ട്.
ആരുടെയെങ്കിലും പ്രിയപ്പെട്ടവരെ
ആരുടെയെങ്കിലും നാടിനെ
എവിടെയെങ്കിലുമുള്ള എന്തിനെയെങ്കിലും
ഒരു തവണ കൂടി കണ്ടിരുന്നെങ്കിലെന്ന
തോന്നലിനെ കുറിച്ചുള്ള
ഒരു കവിതയെയെങ്കിലും
കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
ഞാനൊരു കവിതയാക്കാൻ നോക്കുന്നു.
Saturday, February 15, 2020
ഉത്തരക്കടലാസ്സ് നോക്കുമ്പോൾ
Thursday, February 23, 2017
അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും
ഉം...ആയിക്കോട്ടപ്പാ....”എന്ന്
സങ്കടപ്പെട്ടു.
Monday, March 21, 2016
തോന്നൽ
കുറേ എഴുതിയിട്ടുണ്ടെങ്കിലും
Friday, October 9, 2015
വെണ്ടയ്ക്കാ സാമ്പാർ
Tuesday, January 6, 2015
തെഴുപ്പ്
“എന്നാ?”
ഒരു ദിവസം
Thursday, November 21, 2013
കല്ലുകള്‍
ശാരദയുടെ അമ്മ ദേവിയും
ദേവിയുടെ അമ്മ ഉപ്പാട്ടിയും
ഉപ്പാട്ടിയുടെ അമ്മ തേമനുമൊക്കെ...
എന്റെ അച്ഛന്റെ അമ്മ ചെറിയയും
ചെറിയയുടെ അമ്മ കാക്കിയും
കാക്കിയുടെ അമ്മ തേനുവുമൊക്കെ...
വീട്ടിലേക്ക് വന്നുകയറുന്ന
പുതിയ പെണ്ണിനെയെറിയാന്‍
സൂക്ഷിച്ചുവെച്ച
ചില ചൊല്ലുകളുണ്ട്
“അമ്മേന്റെ ചോറ് ഉറീലാന്ന്
പെങ്ങളെ ചോറ് കലത്തിലാന്ന്
ഓളെ ചോറ് ഒരലിലാന്ന്”*
വീട്ടിലെ ആണുങ്ങള്‍ക്ക്
ഇതൊരു പഞ്ഞിക്കെട്ടായി തോന്നും
അവര്‍ അതില്‍ തലവെച്ച് കിടന്നുറങ്ങുകയും
ചോറു വാരിത്തിന്നുന്ന ഒരു സ്വപ്നം കാണുകയും ചെയ്യും.
ഓളായി വന്നുകയറുന്നോള്‍ക്ക്
ഇതിന്റെ കുപ്പിച്ചില്ലുപോലുള്ള മുനകൊണ്ട്
മുറിവേല്‍ക്കും.
ഓള്‍ അമ്മയാകുമ്പോള്‍
മുന തേഞ്ഞ് മിനുസപ്പെട്ടതായി തോന്നും
തോന്നിപ്പിക്കും.
എന്നാല്‍
പുതിയ കാലത്ത്
പുതുതായി വരുന്നോള്‍ക്ക്
ഇതിന്റെ മൂര്‍ച്ച
ഉള്ളതിനേക്കാളധികമായി തോന്നുന്നു
“ഓളെ വീട്ടില്‍പ്പോയി നിന്നാല്‍
നാലാന്നാള്‍ നായ്ക്ക് സമം” എന്നു കേട്ടാലുടനെ
നാലുനാളിലധികം വീട്ടില്‍പ്പോയി നിന്നാല്‍ മാത്രം മാറുന്ന
ഒരു സൂക്കേട് പിടിപെടുന്നു
വേദന സഹിക്കാന്‍ പറ്റാതാകുന്നു
ചിലപ്പോള്‍
അവളുടെ വേദനയേറ്റെടുത്ത്
നമ്മുടെ വീട് പെറുമായിരിക്കും
പുതിയ വീടിനെ അവള്‍
മനുഷ്യരേക്കാളും നന്നായി വളര്‍ത്തുമായിരിക്കും.
------------------------
* അമ്മയാണെങ്കില്‍ മകനുള്ള ചോറ്, നേരത്തേ തന്നെ ഉറിയില്‍ കരുതിവെച്ചിട്ടുണ്ടാകും. പെങ്ങളാണെങ്കില്‍ ആങ്ങളയ്ക്കുള്ള ചോറ് കലത്തില്‍ നിന്നും എടുത്തുകൊടുത്താല്‍ മതി. എന്നാല്‍ ഭാര്യയുടെ ചോറ് ഉരലില്‍ ആണ്, നെല്ലു കുത്തുന്നേയുള്ളൂ, അത് അരിയാക്കിയിട്ടു വേണം ചോറുവെച്ചു വിളമ്പാന്‍.
Friday, October 11, 2013
എന്തോ ഒന്ന്
പിറന്നാളിനോ പാലുകാച്ചലിനോ പോയി മടങ്ങുമ്പോള്‍
നെയ്യപ്പത്തിന്റ്യോ
മൈസൂര്‍പ്പഴത്തിന്റ്യോ
പപ്പടക്കഷ്ണത്തിന്റ്യോ, അല്ലെങ്കില്‍
ഉപ്പേരീന്റ്യോ ഒപ്പരം
കോന്തലയില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന
എന്തോ ഒന്നുണ്ട്.
എന്റെ അമ്മയും, ഭാര്യയും, അവളുടെ വീട്ടുകാരും,
ആപ്പനും, ഭാര്യയും, അവരുടെ മക്കളുമൊക്കെ
വീതം വെച്ചാല്‍ കുറഞ്ഞുപോകുമോ എന്ന് പേടിക്കുന്ന
എന്നാല്‍ വീതിച്ചില്ലെങ്കില്‍ കെട്ടുപുളിക്കുന്ന
എന്തോ ഒന്ന്.
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍
ഒപ്പം കിടന്നുറങ്ങിയ പൈക്കള്‍ക്കും മക്കള്‍ക്കും ഭര്‍ത്താവിനും
ഭര്‍ത്താവിന്റെ ഭ്രാന്തിനും,
മുറിച്ച മരങ്ങള്‍ക്കും മരിച്ചവര്‍ക്കും
പൂച്ചകള്‍ക്കുമൊക്കെ കൊടുത്തിട്ടും ബാക്കിയാകുന്ന
എന്തോ ഒന്ന്.
ഇന്ന് ഞാന്‍
അമ്മമ്മയ്ക്ക് വാങ്ങിക്കൊടുക്കുന്ന സാധനങ്ങള്‍ക്കൊപ്പം
അതുണ്ടോ, അതില്ലേ എന്ന സംശയത്താല്‍
കെട്ടിപ്പിടിക്കുന്നു.
ചുളിവുവീണ കൈകളിലും
എന്നോടൊപ്പം കഥകേട്ടു വളര്‍ന്ന
മുഖത്തെ വലിയ കരുവാറ്റയിലും
തലോടുന്നു.
കെട്ടിവെച്ച മുടി അഴിച്ച്
വീണ്ടും കെട്ടിക്കൊടുക്കുന്നു.
ഉമ്മവെക്കുന്നു.
‘എന്റെ മോന്‍ ചാകുന്നതുവരെ എന്നെ നോക്കും
മോന്‍ ചത്താല്‍ പിന്നെ ആരാ നോക്ക്വാ’എന്ന കഥയോടൊപ്പം
അമ്മമ്മ കരച്ചലില്‍ പൊതിഞ്ഞു തന്ന
എന്തോ ഒന്ന് വാങ്ങി
ഞാന്‍ തിരിച്ചു പോകുന്നു.
Monday, January 21, 2013
കൊറിയ ഏസോ കടൂര്‍ കാചി
‘വാ... വാ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കാ....കാ’ എന്നതിന്
‘പോ.....പോ’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
‘അയ്യോ.... പാമ്പ്’എന്നതിന്
‘ഐഗോ....പേം’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കേ.... കേ’ എന്നതിന്
‘പട്ടി....പട്ടി’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
‘പുല്ല്...പുല്ല്’ എന്നതിന്
'ഭുല്ല് ...ഭുല്ല് ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
'നാമു....നാമു’ എന്നതിന്
‘മരം....മരം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
'പള്ളി...പള്ളി’ എന്നതിന്
‘ക്യോഹെ...ക്യോഹെ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘പള്ളി...പള്ളി’ എന്നതിന്
‘വേഗം...വേഗം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
കൈകൂപ്പുന്നതിനു പകരം
കുനിയുന്ന നാട്ടില്‍ നിന്നും
ചൊക്കാരക്കുപകരം
കൈകൊണ്ട് തിന്നുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
പൂവിനുശേഷം ഇലവരുന്ന നാട്ടിലെ
അല്‍മോണിയെ വിട്ട്
അമ്മൂമ്മയെ കാണാന്‍ ഞാന്‍ പോകുന്നു.
സോജുവും തേജും വിട്ട്
കൂട്ടുകാരായ സോജുവിനെയും തേജിനെയും കാണാന്‍
ഞാന്‍ പോകുന്നു
ഒരു ചിരിയാല്‍
ആംഗ്യത്താല്‍
ശബ്ദത്താല്‍
അതിരുകള്‍ മായ്ച്ചവരേ...
ഞാന്‍ പോകുന്നു.
പുലര്‍ച്ചെ ഒന്നോ രണ്ടോ മണിക്ക്
ലബോറട്ടറിയില്‍ നിന്നും
പുസ്തകങ്ങളെയും രാസപ്രവര്‍ത്തനങ്ങളെയും
താരാട്ടിയുറക്കി മടങ്ങുമ്പോള്‍
വീടുകളുടെയും കടകളുടെയും മുന്നില്‍ കൂട്ടിവെച്ച
പാഴ്വസ്തുക്കള്‍ പെറുക്കുന്ന
‘കിം അമ്മാവനെ’ കാണും.
അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിന് തടുക്കാനാവാത്ത
ആ സ്നേഹത്തിന്റെ തണുപ്പില്‍
പലപ്പോഴും നമ്മള്‍
തുറന്നിരിക്കുന്ന ഏതെങ്കിലും ഒരു കടയില്‍പ്പോയി
സോജുവോ മറ്റെന്തെങ്കിലുമോ കഴിക്കും.
കിം അമ്മാവാ...ഞാന്‍ നാട്ടിലേക്കു പോകുന്നു.
ദേജിയോണിലെ ചൊന്മിന്‍ദോങ്ങില്‍
അഞ്ചുദിവസം കൂടുമ്പോള്‍ വരുന്ന ചന്തകളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
പുറംനാട്ടുകാരനായതിനാലോ എന്തോ
മൂന്നോ നാലോ
ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന
അജശിമാരേ, അജുമമാരേ....
ഞാന്‍ പോകുന്നു.
എന്റെ വര്‍ഷങ്ങളെ
പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത
തേഹന്‍മിന്‍കൂക്.....
ഞാന്‍ പോകുന്നു.
അങ്ങ് ദൂരെ
എനിക്ക്
എന്റെ നാടുണ്ട്.
അവിടെ
ഇവിടത്തേക്കാള്‍ അഴുക്കുണ്ട്
കളവുണ്ട്
രോഗമുണ്ട്
പട്ടിണിയുണ്ട്...
പക്ഷേ...
എനിക്ക് കവിതതോന്നുന്ന ഭാഷയുണ്ട്.
ആ ഭാഷയ്ക്ക്
വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ
24 കൊറിയന്‍ അക്ഷരങ്ങള്‍ക്കു പകരം
വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ
51 മലയാളം അക്ഷരങ്ങള്‍ ഉണ്ട്.
ഞാന്‍ പോകുന്നു....
--------------------------
സോജു: കൊറിയന്‍ മദ്യം, തേജ്: പന്നിയിറച്ചിയുടെ കൊറിയന്‍ പദം.
തേഹന്‍മിന്‍കൂക്: ദക്ഷിണകൊറിയയുടെ കൊറിയന്‍ പേര്.
Tuesday, January 15, 2013
അച്ഛന്
പുകമറയ്ക്കു പിന്നിലുണ്ട് തീക്കനലെന്നറിയുക’ എന്ന്‍ വിളിച്ചുപറഞ്ഞ്
‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’ എന്ന് പോസ്റ്ററൊട്ടിച്ച്
വീട്ടില്‍ വരുമ്പോള്‍
അച്ഛന്‍ ബീഡി വലിച്ചൂതുന്നുണ്ടാവും.
ഞാനും അച്ഛനും കലമ്പാവും.
ആപ്പന്‍ അച്ഛന്റെ കൂടെ കൂടും.
അമ്മ എന്റെകൂടെയും
‘ബൌസുള്ള ബീഡ്യാന്ന്, ബൌസുള്ള ബീഡി’
അത് പോട്ട്,
അച്ഛനിപ്പോള്‍
എന്തുകൊടുക്കും?
ബീഡിയോ ചോറോ പായസമോ
പുസ്തകമോ പത്രമോ പരദൂഷണമോ
ചായയോ വെള്ളമോ മരുന്നോ വേണ്ട.
അച്ഛന് തീര്‍ച്ചയായും വേണ്ടുന്നതെന്ന്
അച്ഛനോ ആര്‍ക്കെങ്കിലുമോ
എന്നെങ്കിലും തോന്നിയിരുന്നതൊന്നും വേണ്ട.
കാലോ നെഞ്ചോ പുറമോ
തടവിക്കൊടുക്കേണ്ട.
എന്തു ചെയ്തുകൊടുക്കും?
കണ്ണിടുങ്ങി, കാഴ്ച മങ്ങി
അച്ഛനെന്നെ കാണാന്‍ വയ്യ.
ഒച്ചയൊന്നും കേള്‍ക്കാന്‍ വയ്യ.
വെളിച്ചം കണ്ടാല്‍ ദേഷ്യം സഹിക്കാന്‍ വയ്യ.
കത്തിച്ചുകഴിഞ്ഞാല്‍ പിന്നെ
കുഴിമൂടേണ്ട, ബലിയിടേണ്ട.
ആത്മാവിനെപ്പിടിച്ച് കുപ്പിയിലാക്കി
എവിടേക്കോകൊണ്ടുപോയ് കളയുകപോലും വേണ്ട.
അച്ഛന് എന്തു ചെയ്തുകൊടുക്കും?
ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൌനത്തിന്റെ മാലയുമായി
അച്ഛന്‍ കട്ടിലില്‍ കാത്തിരിക്കുന്നു.
തകര്‍ന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മള്‍.
Monday, September 17, 2012
നമ്മള്‍
നമ്മുടേതായ രണ്ടു കറികള്‍ കൂട്ടി
ചോറുണ്ണുന്നു
നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ...
നിശബ്ദതയുടെ
രണ്ടു പാറകളില്‍ത്തട്ടി
തെന്നിവീഴുന്നു
നമ്മുടെ നിശ്വാസങ്ങള്‍ , സങ്കടങ്ങള്‍ ...
ഇക്കിളിയുടെ
വളഞ്ഞുപുളഞ്ഞൊഴുകുന്ന
രണ്ടു നീര്‍ച്ചാലുകളിലെ
ചിലചുഴികളില്‍
കറങ്ങിത്തിരിഞ്ഞാഴ്ന്നുപോകുന്നു
നമ്മുടെ ഒച്ചകള്‍ , ഭാവങ്ങള്‍ ...
സ്നേഹത്തിന്റെ
രണ്ടു ചുണ്ടുകള്‍ ചാലിച്ചു വരയ്ക്കുന്നു
സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍ ...
പ്രണയികളുടെ പതിവുസംബോധനകളുടെ
ഉമി കളയുമ്പോള്‍
അവളെന്റെ ‘മെലിഞ്ഞ ഷക്കീല’യാകുന്നു
ഞാന്‍ അവളുടെ ‘മസില്‍ ഒളിപ്പിച്ചുവെച്ച സല്‍മാന്‍ ഖാന്‍ ’
ഉറങ്ങിയെണീക്കുമ്പോള്‍
‘നിന്റെ ബാക്ടീരിയ എന്റെയും ബാക്ടീരിയ’യെന്ന്
അവളെന്നെ ഉമ്മവെയ്ക്കുന്നു.
അവളുടെ തലയില്‍ നിന്നും എന്റെ തലയിലേക്ക്
പേനുകള്‍ പുതിയ വഴിവെട്ടുന്നു.
‘നിന്റെ പേന്‍ എന്റെയും പേന്‍ ’ എന്ന്
ഞാന്‍ തലചൊറിയുന്നു.
ഉറങ്ങുമ്പോള്‍
അവളുടെ സ്വപ്നം ഞാനും
എന്റെ സ്വപ്നം അവളും കാണുന്നു.
പക്ഷെ
എന്റെയും അവളുടെയും കൂര്‍ക്കം
ഞാന്‍ ഉറക്കെ വലിക്കുന്നു.
അവള്‍ എനിക്ക് പായസം വെച്ചുതരുന്നു.
ഞാന്‍ പായസം കുടിക്കുന്നു, എന്നിട്ട്
‘എങ്ങനെയുണ്ട് പായസം?’ എന്ന് അവളോട് ചോദിക്കുന്നു.
‘സൂപ്പര്‍’ എന്ന് അവള്‍ പറയുന്നു.
ഞാന്‍ അവള്‍ക്ക് ചായ വെച്ചുകൊടുക്കുന്നു.
അവള്‍ ചായ കുടിക്കുന്നു, എന്നിട്ട്
‘ചായ എപ്പടി?’ എന്ന് എന്നോട് ചോദിക്കുന്നു.
‘അടിപൊളി അടിപൊളി’ എന്ന് ഞാന്‍ പറയുന്നു.
അവളുടെ വിരല്‍ മുറിയുമ്പോള്‍
നമ്മള്‍ക്ക് വേദനിക്കുന്നു.
എന്റെ കാലുളുക്കുമ്പോള്‍
നമ്മള്‍ ഒരുമിച്ചു കരയുന്നു.
Tuesday, March 13, 2012
വഴി
ഓനേം ഓന്റോളേം കാണാന്‍ പോകുന്നു.
മയ്യിലേക്ക് ബസ്സിന്
ചെക്കിക്കടവിലേക്ക് ജീപ്പിന്
കൊയ്യത്തേക്ക് തോണിക്ക്.
തോണീന്നെറങ്ങി
ഓന്റെ വീട്ടിലേക്ക്
ബസ്സുണ്ടോ എന്നന്വേഷിച്ചപ്പോള്‍
ഒരമ്മമ്മ പറയുന്നു:
“ഈട്ന്ന് നേരെ നടക്ക്വാ
അന്നേരം ഒരു വാര്‍പ്പ് പാലം കാണും.
അത് കടന്നിറ്റ് കണ്ടത്തിലൂടന്നെ പോകുമ്പം
ആരെങ്കിലും ഇണ്ടാവും.
ചോയിച്ചാ പറഞ്ഞ് തരും.
ബസ്സൊന്ന്വല്ലല്ലോ,
വായീലെ നാവല്ലേ മോനേ നമ്മക്ക് വയി”
Wednesday, February 16, 2011
കവിതാവിചാരം
1
ഈ മണ്ണില്‍ച്ചേര്‍ന്നിടുംമു,മ്പുടയവര്‍ കവിതാസ്വാദകര്‍ക്കായ്, മരിച്ചോ-
രയ്യപ്പന്‍ കാത്തുനില്‍ക്കേ, കശപിശബഹളം വെച്ചതാം കൂട്ടരോടും,
എമ്മേ ബേബിക്കുനേരേ,യവര്‍കള്‍ ഭരണമാളുംവകുപ്പിന്നുനേരേ
ചുമ്മാ വക്കാണമുണ്ടാക്കിയ ജനമവരോടും പൊറുത്തീടണം നാം
2
“വൃത്തത്തിലൊറ്റവരി നേര്‍ക്കു കുറിച്ചിടാനായ്-
പറ്റാത്തവര്‍ കവികളെന്നു ഞെളിഞ്ഞിടുന്നൂ”
ഇന്നും നിരൂപകര്‍ ചിലര്‍ക്കു പരാതിയുണ്ടേല്‍
‘അയ്യേ’ നിനച്ച് ചിരിതൂകുക! വേണ്ട തര്‍ക്കം
3
‘ഇവനെഴുതിയതൊക്കെയൊന്നുപോലെ’
സ്ഥിരമിതുകേട്ടു വരുന്നതാം വിമര്‍ശം.
ഒരുവനൊരുതരത്തിലേ രചിക്കാന്‍
കഴിയുകയെന്നു ധരിക്ക! യെന്തുചെയ്യാന്‍ ?
4
പാട്ടിനല്ലാ, കവിതയ്ക്കു തന്നല്ലേ
ജ്ഞാനപീഠം കൊടുത്തതെന്നും ചിലര്‍
‘ജ്ഞാനം ഓയെന്‍വീക്കെങ്കില്‍ കൊടുക്കേണം
പീഠം സച്ചിദാനന്ദനെ’ന്നും ചിലര്‍ !
5
സച്ചിദാനന്ദന്‍ പുഴങ്കര-ഭാവിയില്‍
കൊച്ചു മകളുണ്ടായീടുന്നേരം
കുട്ടിയെക്കാണുവാനെത്തും, കവികള്‍തന്‍
കൂട്ടുകുടുംബത്തെയോര്‍ത്തും കൊണ്ട്
ചൊല്ലും വരികള്‍ കേള്‍ക്കുമ്പോളെന്നുള്ളത്തില്‍
നല്ല സന്തോഷം നിറഞ്ഞീടുന്നു.
6
പഴയകവി ,പുതിയ കവി
പാട്ടുകവി, പൊട്ടക്കവി എന്നിങ്ങനെ
കവികള്‍
സഹാനുഭൂതിയോടെ
കവിതകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
-(2011 ഫെബ്രുവരി, ഭാഷാപോഷിണി)
Sunday, November 21, 2010
രൂപാന്തരം
നല്ലപോലോര്‍മ്മയുണ്ടമ്പലത്തിനു
കല്ലെറിയും മെലിഞ്ഞ ബാലേട്ടനെ!
‘അമ്പലം ചുട്ടാല്‍ അന്ധവിശ്വാസവും
ചാമ്പല്‍ ’ വീ.ടീ പറഞ്ഞെന്നു ബാലേട്ടന്‍
എല്ലാജാഥയ്ക്കും മുന്നില്‍ മുദ്രാവാക്യം
ചൊല്ലിയുച്ചത്തില്‍ , സമ്മേളനങ്ങളില്‍
റെഡ് വളണ്ടിയറായി, സാംസ്കാരിക
സംവാദത്തിലിടപെട്ടിരുന്നയാള്‍
മേനിയൊന്നു തടിച്ചപ്പോള്‍ കുപ്പായ-
മൂരി അമ്പലത്തില്‍ക്കേറാമെന്നായി.
ഒറ്റയോഗത്തിലും വരാതായ്, പിന്നെ
ഒന്നും രണ്ടും പറഞ്ഞു വിരുദ്ധനായ്
Sunday, November 14, 2010
കവിതയാണ് താരം
“നാം മരിച്ചുവീണത്
ഒരു മണിക്കൂറിന്റെ രണ്ടതിരുകളില്‍
ആദ്യം ഞാന്‍
ഇരുളാനപ്പുറത്തേറി നരകത്തിലേക്ക്
പിന്നെ നീ
സൂര്യന്റെ തേരില്‍ സ്വര്‍ഗ്ഗത്തിലേക്ക്
നരകത്തില്‍ എനിക്ക്
ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി
സ്വര്‍ഗ്ഗത്തില്‍ നിനക്ക്
ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും
ഒരിടത്തായിരുന്നെങ്കില്‍
പണിത്തിരക്കിനിടയില്‍
നമുക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നു-
കഷ്ടം....”
[‘കഷ്ടം’- അന്‍വര്‍ അലി].
ആറ്റൂര്‍ രവിവര്‍മ്മ മുതല്‍ അഭിരാമി വരെയുള്ള കവികള്‍ സമ്പന്നമാക്കുന്ന സമകാലിക മലയാള കാവ്യലോകം, പഴയ കവികള്‍ , പുതിയ കവികള്‍ , ബ്ലോഗ് കവികള്‍ ,പാട്ടുകവികള്‍ എന്നിങ്ങനെയൊക്കെ തിരിഞ്ഞ് പരസ്പരം ആരോഗ്യകരമായി സംവദിക്കാതിരിക്കുന്ന അവസ്ഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കവിതയുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ഏതെങ്കിലും തരത്തില്‍ തൊടുന്നവരെയെല്ലാം തന്നെ കൂടെ കൂട്ടി, സമാശ്വാസവും, സൂക്ഷ്മവിമര്‍ശനങ്ങളുമൊക്കെയായി കാവ്യ ഘടനയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചര്‍ച്ചചെയ്യുകയുമല്ലാതെ, വ്യത്യസ്ത വീക്ഷണകോണുകളുള്ളവര്‍ തമ്മില്‍ തീണ്ടിക്കൂടായ്മ എന്നതാവരുത് നടപ്പു രീതി. ചില കവിതാ സംഭാഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുക, കെ. ആര്‍ ടോണിയുടെ ‘അഭി-പ്രായം’ എന്ന കവിതയാണ്: “ ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല/ഇല്ല, പെടാറില്ല/എന്തു ചെയ്യുന്നു?/
ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്/ ശരിക്കും കവിതയുള്ള കവിതയാണോ?/ കവിതയില്ലാത്ത കവിതയുണ്ടോ?/എന്നൊരഭിപ്രായം/ എനിക്കങ്ങനെയഭിപ്രായമില്ല/ നിന്റെ അഭിപ്രായത്തോട് എനിക്കഭിപ്രായമില്ല/
അത് അഭിപ്രായത്തിന്റെ പ്രശ്നം/ നിന്റേത് പ്രായത്തിന്റെ പ്രശ്നം..”.
അജിത്തിന്റെ ‘വിവാഹ മോചനത്തിന്റെ തലേന്ന്’എന്ന കവിതയാണ് ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ മനസ്സില്‍ വരിക: “അടുക്കളയില്‍ ഞങ്ങള്‍ /രണ്ടടുപ്പുകള്‍ /എരിഞ്ഞു കത്തുന്നവ./ ഒന്നില്‍ പ്രഷര്‍കുക്കര്‍ / മറ്റതില്‍ വറചട്ടി/ വാക്കൊരു വാക്കത്തി/ പഴങ്കഥകളുടെ ഉള്ളി/ അരിയുന്തോറുമെരിയുന്നവ/ കിടക്കയില്‍ ഞങ്ങള്‍ / രണ്ടു തലയിണകള്‍ ”.
കവിതകളെ കാര്യമായി കണക്കിലെടുക്കാത്ത പ്രവണത ആനുകാലികങ്ങള്‍ പ്രകടമാക്കുന്ന സമയത്ത്, സമകാലിക മലയാളം വാരിക തങ്ങളുടെ ഓണപ്പതിപ്പില്‍ കവിതാചര്‍ച്ചയ്ക്ക് നല്ലൊരു വേദിയൊരുക്കിയതിന്റെ ആഹ്ലാദവും കവിതാ സംബന്ധിയായി അടുത്ത കാലത്തുകേട്ട ചില ചര്‍ച്ചകളോടുള്ള പ്രതികരണവുമാണ് ഈ കുറിപ്പിനാധാരം.കവിതേതരമായ മുറുമുറുപ്പുകളൊഴിവാക്കി സമഭാവനയോടെ കവികള്‍ക്ക് കവിതകളെ കുറിച്ച് പറയുവാന്‍ കഴിയട്ടെ. “പച്ചമരങ്ങള്‍ / പുറന്തൊടിയില്‍ നില്‍ക്കട്ടെ/ ഉണക്കക്കമ്പുകള്‍ കൊണ്ടു തീര്‍ത്ത / കിളിക്കൂടുകളും പേറി” (‘ഉള്ളുണക്കം’, പി. രാമന്‍ )
ഏകതാനതയോടുള്ള വിമര്‍ശനത്തെപ്പറ്റി
‘കവിതകളെല്ലാം ഒരേ പോലെ ഉണ്ടല്ലോ’ എന്ന പതിവു കേള്‍വികളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പ്രധാന കാര്യം ഈ പഴി കേള്‍ക്കുന്ന കവി കുറേയധികം എഴുതുന്നുവെന്നുള്ളതാണ്. കുറേയധികം എഴുതുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഗ്രഹമായി തോന്നേണ്ടുന്ന കാര്യമാണ്. കവിത നല്ലതോ മോശമോ എന്ന് പറയേണ്ടതിനു പകരം, ഇതേ കവിയുടെ മറ്റുകവിതകളുമായ് സാമ്യമുണ്ടെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ , യഥാര്‍ത്ഥത്തില്‍ ധാരാളം എഴുതുക എന്നുള്ളതിനെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു കവിക്ക് ഒരേ രീതിയില്‍ തന്നെ മാത്രമേ ജീവിതകാലം മുഴുവന്‍ എഴുതാന്‍ പറ്റുന്നുള്ളൂ എന്ന് വയ്ക്കുക. പല കാരണങ്ങള്‍ കാണാം. [“ആ കവിക്ക് ഒട്ടും ഉറക്കമില്ല / അതു കൊണ്ടത്രേ / അയാളുടെ കവിതകളൊക്കെ ഒരു പോലെ”- കല്‍പറ്റ നാരായണന്‍ ,‘ഉറക്കം’]. അയാള്‍ എന്തു ചെയ്യാനാണ്? എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരും വിജയിക്കുന്നവരും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണമെന്ന് പറയുന്നതിനെ പിന്താങ്ങാന്‍ ആവില്ല. ഓരോരാളും ലോകത്തെയും ഭാഷയെയും അനുഭവങ്ങളേയും ഒക്കെ കാണുന്നത് പ്രത്യേകം പ്രത്യേകം രീതികളിലായതിനാല്‍ അവരുടെ കാവ്യഭാവന ഉത്തേജിതമാകുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. “മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍ / കാവലിരിക്കുന്നവന്റെ ജീവിതമാണോ/ പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?/ ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ/ ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?” (‘അലര്‍ച്ച’, വിഷ്ണുപ്രസാദ്). ‘നമ്മള്‍ തമ്മില്‍ ’ , എന്ന കവിതയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതുന്നു: “അറവുകാരാ/ നിന്റെ / ഏറ്റവും വലിയ / പേടി പറയ്/ അതേയ്/ പിന്‍ കഴുത്തില്‍ / കൊതുകുകടിച്ചാല്‍ / ഒന്നു ഞെട്ടും/ കൈ കിടുങ്ങും/ കത്തി താഴെപ്പോകും/ ഇനി/ നീ പറയ്/ കഴുത്തില്‍ / എവിടെത്തൊട്ടാലും / എന്റമ്മേ/ എന്തൊരിക്കിളി/ അറിയില്ല/ ചത്താല്‍ പോലും”.
അതിനാല്‍ തന്നെ ഓരോ കവിയും അയാള്‍ക്ക് തോന്നുന്ന വിധത്തില്‍ എഴുതട്ടെ.
“അവിടെ / ഞങ്ങള്‍ , മരിച്ചവര്‍ / വിശപ്പിനു വരാറുള്ള / പൊളിച്ചുമാറ്റിയ / ഒരു കാന്റീനുണ്ട്” എന്ന് അന്‍വര്‍ അലി എഴുതുമ്പോള്‍ (‘അകാലം’), “ വയല്‍ക്കരെ, ഇപ്പോഴില്ലാത്ത വീട്ടില്‍ ,/ കര്‍ക്കിടകത്തിലും തുലാത്തിലും/ കറുത്തവാവുരാത്രി/ മരിച്ചവര്‍ / അവിലും പഴവും ഉണ്ണിയപ്പവും/ തിന്നാനും / ഇളനീരും നെല്ലിന്‍ വെള്ളവും / കുടിക്കാനും വരുന്ന/ തെക്കേ അകത്തിനടുത്ത്” എന്ന് ടി. പി. രാജീവനും (‘സ്വപ്നങ്ങളുടെ മ്യൂസിയം’) , “ വയലോരത്ത് ഒരു ഷാപ്പുണ്ട്.... മുഴുക്കുടിയന്മാരായ ഞാനും ചങ്ങാതിയും/ ഒരു മാറ്റത്തിന് അവിടെ പോയി” എന്ന് എസ്. ജോസഫും (‘ഷാപ്പ്’), “എന്നെയും കടിച്ചുതിന്ന്/ ഞാന്‍ കൂന്നിരിപ്പായി” എന്ന് എന്‍. ജി. ഉണ്ണികൃഷ്ണനും (‘ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി’), “ജീവിതപ്പരീക്ഷയില്‍ /തോല്‍ക്കയാല്‍ , ബാഗും തൂക്കി /കോഴിക്കോട്ടങ്ങാടിയി- /
ലകലേ നീലാകാശം /പാടി ഞാന്‍ നടക്കുമ്പോള്‍ /ലഹരിപ്പുകയ്ക്കക- /ത്തെരിയും വിശപ്പിലേ- /
യ്ക്കന്നമായ് ഒരുവന്റെ /സൌഹൃദം കനിഞ്ഞതു /സ്വപ്നമോ? ” എന്ന് മനോജ് കുറൂരും (‘കൂടെപ്പാടുന്നവര്‍ ’), "വേരും മഴയും മണ്ണും കാറ്റും/ തേനൂറുന്നവയായാല്‍ /വരുമോ നേന്ത്രപ്പഴമഞ്ഞയുമായ്/ റെയില്‍ വേണ്ടാത്തൊരു വണ്ടി?” എന്ന് വി.എം. ഗിരിജയും (‘പഴവണ്ടി’), “എന്നേയ്ക്കും/ ആറിക്കിടക്കുമോ/ ഈ വീടിന്റെ വിശപ്പ്?/ ഇനി/ നിവര്‍ത്തിയാല്‍ തന്നെ / വിളമ്പുവാന്‍ / വേവുപോരാത്ത/ അന്നം?” എന്ന് അനിതാ തമ്പിയും (‘അന്നം’), “ഒണക്കച്ചെമ്മീന്‍ കൊണ്ടരും/ ചേറ്റുവേന്ന് ശകുന്തള/ അമ്മ വാങ്ങാറില്ല/
ചക്കക്കുരൂം ചെമ്മീനും/ കുട്ടമോനില്ലാത്തോണ്ട്/ വെയ്ക്കാറില്ല” എന്ന് ടി. പി. അനില്‍കുമാറും (‘:(’)
“കുടിച്ച് കുടിച്ച് ചീര്‍ത്ത് പോയമ്മേ/ വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ/ കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ/ കവിതകള്‍ വായിച്ച് വായിച്ച്/ കവിഞ്ഞ് പോയമ്മേ” എന്ന് കുഴൂര്‍ വിത്സണും, “വിശപ്പ്/ അത്യുദാത്തമായൊരു/ ദാര്‍ശനിക അനുഭവമാണ്/ ഉടലിനെയും ആത്മാവിനെയും/ പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്..../ ഷുഗറ് , കൊളസ്ട്രോള്‍ ഇത്യാദിയായുള്ള/ ശൈലീജന്യരോഗങ്ങളില്‍ നിന്ന്/ കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്/
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ/നിങ്ങളെത്ര അനു ഗൃഹീതരാണ്” എന്ന് വിശാഖ് ശങ്കറും (‘പാവം പാവം രാജകുമാരന്‍’), “നടുക്കഷണം തന്നെ വേണെമെനിക്കെന്ന്/ കൂട്ടുന്നവരോരോരുത്തരും കൊതിക്കും/ സ്വന്തം ചങ്ങാതിയെയാണ്/ തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല/
അത്രയും രുചി /മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും” എന്ന് റഫീഖ് ഉമ്പാച്ചിയും (‘മുളകിട്ടത്’), “നിര്‍ണ്ണായകവും/ ചരിത്രപ്രസക്തവുമായ/ ഒരു അട്ടിമറിയിലൂടെ/ വിരസതയ്ക്ക്/അന്നും/
വിശന്നു തുടങ്ങി” എന്ന് ടി.പി. വിനോദും, “കാപ്പികുടിക്കുകയായിരുന്നു/ പതിവുപോലെ/ ആളൊഴിഞ്ഞ,/ നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ/ ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ/ മരത്തണലില്‍ നമ്മള്‍ ” എന്ന് ലതീഷ് മോഹനും (‘ഉപമകള്‍ വില്‍പ്പനയ്ക്ക്’), “കൊല്ലപ്പരീക്ഷ കഴിഞ്ഞു/
കോഴിയെ പോറ്റി./ കോഴി ഞങ്ങളെയും./ ഇപ്പോള്‍ റോയല്‍ ബേക്കറിയില്‍ /ഒരു ചിക്കന്‍ ഷവര്‍മയ്ക്ക് മുന്‍പിലിരിക്കെ /ഒരു (കാലന്‍)കോഴി /എന്‍റെ ഉള്ളില്‍ തൊള്ള തുറക്കെ കരയുന്നു”എന്ന് സുധീഷ് കോട്ടേമ്പ്രവും, “ഉണ്ണാനിരുന്ന നേരത്ത്/ എനിക്കൊന്നും വേണ്ടെന്ന്/
തട്ടിത്തെറുപ്പിച്ച ചോറാണ്/ വായിക്കാനിരിക്കുന്ന നിന്റെ മുമ്പില്‍ /ചിതറിക്കിടക്കുന്നത്” എന്ന് നസീര്‍ കടിക്കാടും (‘പച്ചയ്ക്ക്’), “തുലാവര്‍ഷം പുരപ്പുറത്തെത്തി./പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ/ തടത്തില്‍ / മണ്ണിളക്കി മറിച്ചിട്ടു./ വാഴ വിത്തുകള്‍ കൂട്ടിയിട്ട/ മുറ്റം ഇരുണ്ടുപോയി” എന്ന് എസ്. കലേഷും (‘ആട്ടിടയന്‍’), “ചട്ടിക്കഷണത്തിലെ/ ചുവന്ന കറ മണത്ത്/“അമ്മേ മീന്‍കറി” എന്ന്/
ചിരുകണ്ടന്‍ കരഞ്ഞത്” എന്ന് ഞാനും (‘കുഞ്ഞാക്കമ്മ’) എഴുതട്ടെ.
എത്ര കവിതകള്‍ ഒരേപോലെ എഴുതാം എന്നതിന്റെ പരിധി നിര്‍ണ്ണയിക്കേണ്ട ചുമതല ഇവിടെ ആരാണ് ഏറ്റെടുത്തിട്ടുള്ളത്?. നോവലിസ്റ്റിനു തോന്നുന്ന ആശയം അയാള്‍ അനേകമനേകം വാക്കുകളാല്‍ വ്യക്തമാക്കുന്നതുപോലെ, കവിക്കു തോന്നുന്ന ആശയം, തൃപ്തിയാകും വരെ അയാള്‍ , പല കവിതകളിലൂടെ വ്യക്തമാക്കട്ടെ. വിഷയമില്ലായ്മ തന്നെ വിഷയമാകും കവിതയ്ക്ക്.
“മുനയുള്ളോ-/ രെല്ലിന്‍കോ-/ ലൂരിത്തായോ/ മഷിയായി-/ ട്ടൊരുതുള്ളി-/ ച്ചോര തായോ/ കരളിന്റെ/
താളൊന്നു/ കീറിത്തായോ/ വിഷയവുംകൂടി-/പ്പറഞ്ഞുതായോ” (‘തായോ’, പി. പി. രാമചന്ദ്രന്‍).
ഇനി, ആരോപണങ്ങളെ ഭയന്നോ മറ്റോ എഴുത്തു കുറയ്ക്കുന്ന കവിയെ വെറുതെ വിടുമോ? “എഴുത്തൊന്നും കാണാറില്ലല്ലോ?/ എഴുത്തൊന്നും വരാറില്ല/ അതല്ല ചോദിച്ചത്/ അതല്ല പറഞ്ഞതും” (‘എഴുത്ത്’, കല്‍പറ്റ നാരായണന്‍ ).
കവിത എപ്പോളാണ് വരിക എന്നൊന്നും പറയാന്‍ പറ്റില്ല. “ ഇന്നൊറ്റയ്ക്കാണ്/ അടഞ്ഞ മുറിയുണ്ട്,/ മേശയും കസേരയും/ മഷി നിറച്ച പേനയുമുണ്ട്./ വെളുപ്പില്‍ / കറുത്ത വരകളുള്ള/ കടലാസ്സുണ്ട്./ നിറഞ്ഞ പ്രകാശ-/മുണ്ടകത്തും പുറത്തും./എന്നിട്ടും വരുന്നില്ല/ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല/ ഞാനൊന്ന്/പുറത്തിറങ്ങി നോക്കട്ടെ/ എവിടെയെങ്കിലും/ പമ്മി നില്‍പുണ്ടാകും/ ഓര്‍ക്കാപ്പുറത്തോടിവന്നു/ കെട്ടിപ്പിടിക്കാന്‍,/ കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍/ഒരു കുറുമ്പന്‍ കവിത”(‘ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..’, ചിത്ര. കെ. പി).
കിടയറ്റ കാവ്യ നിരൂപണങ്ങളുടെ അഭാവം ഇന്ന് മലയാളത്തിലുണ്ട്.
“അഞ്ജലി ഓള്‍ഡ് ലിപി/ കൊണ്ടാണോ ഇപ്പൊഴും/ കവിത ടൈപ്പുചെയ്യുന്നത് ?/
നിരൂപകന്‍ ചോദിച്ചു/ അയ്യോ കുഴപ്പമായോ !/ കവി ശങ്കിച്ചു/ കാലം മാറിയില്ലേ/ കോലവും മാറണ്ടേ/
വെറുതെയല്ല/ നിങ്ങളുടെ കവിതകള്‍ / ഓള്‍ഡായിപ്പോകുന്നത്/ നിങ്ങളെ ഞാന്‍ /പാരമ്പര്യ കവി എന്നു വിളിക്കും/ നിരൂപിച്ചൂ പകന്‍/ കവി വിനയത്തോടെ/ ചത്തുകിടന്നു/ കവിത ഒരു കീ ബോര്‍ഡായി/ ചമഞ്ഞുകിടന്നു/ ത റ ട പ/ ട്ട ണ്ട ണ്ണ..../വായനക്കാര്‍ വായ്ക്കരിയിട്ടു.”(‘ഒരു പാരമ്പര്യകവിയുടെ അന്ത്യം’, സനല്‍ ശശിധരന്‍).
തിരമൊഴിക്കവിത
റഫീക്ക് അഹമ്മദ്, ബ്ലോഗിനെ ബാലപംക്തി എന്നു വിളിച്ചത് കണ്ടപ്പോള്‍ (സമകാലിക മലയാളം, ഓണപ്പതിപ്പ്) ഊഹിക്കാം, അദ്ദേഹം ബ്ലോഗ് കാര്യമായി വായിക്കാറില്ലെന്നും മാതൃഭൂമി ‘ബ്ലോഗന’ വായിച്ച് സ്വരൂപിച്ച അഭിപ്രായമാവാനേ തരമുള്ളൂവെന്നും. സ്വകാര്യ സംഭാഷണത്തിനിടെ, ഒരു പ്രശസ്ത കവി പറഞ്ഞിരുന്നു, പഴയ കവിയായ റഫീക്ക് എന്തിനാണ് പുതിയ കവിതയെപറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന്. ആ കവി, റഫീക്കിനെ പറ്റി പറഞ്ഞതിലും റഫീക്ക്, ബ്ലോഗ് കവിതകളെ പറ്റി പറഞ്ഞതിലും ഒരു പോലെ നിരുത്തരവാദം നിറഞ്ഞു നില്പുണ്ട്. വിവിധ തലങ്ങളില്‍ എഴുതുന്നവര്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഒരു വേദിയില്ലാത്തതിന്റെ പരിണതഫലമാണ് അനുതാപാര്‍ഹമായ ഇത്തരം പ്രസ്താവനകള്‍ . ആരെയും കൂസാതെ ദിവസേനയെന്നോണം കവിതകളെഴുന്നവരുണ്ട് ബ്ലോഗില്‍ . കമന്റുകളനുസരിച്ച്, തനിക്ക് ബോധ്യപ്പെട്ടാല്‍ , കവിതകള്‍ തിരുത്തി മെച്ചപ്പെടുത്തുന്നവരും ഉണ്ട്. മലയാളം ബ്ലോഗില്‍ ഏറ്റവുമധികം വികാസം പ്രാപിച്ച ഒരു ശാഖയാണ് കവിത. എഡിറ്റര്‍മാരുടെയും ആനുകാലികങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യത്തിനൊത്ത് കവിതയില്‍ ഒത്തുതീര്‍പ്പുകള്‍ വരുത്തേണ്ട ഗതികേടോ, സര്‍ഗാത്മകതയ്ക്കുള്ള കൂച്ചുവിലങ്ങുകളോ ഇവിടെ കവിയെ കാത്തുനില്‍ക്കുന്നില്ല. പുസ്തകമിറക്കുമ്പോള്‍ കവിതയിലുള്ള നാട്ടുകാരായ ചില കഥാപാത്രങ്ങളുടെ പേരുകളും ചില പരാമര്‍ശങ്ങളും തിരുത്തേണ്ട നിര്‍ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതിന്റെ അസംതൃപ്തി ഞാന്‍ ഉള്ളന്നത്തേക്കും മാറുമെന്ന് തോന്നുന്നില്ല.
ഹൈപ്പര്‍ ലിങ്കുകളുടെ സാധ്യതയും ബ്ലോഗിലെ കവികള്‍ ഉപയോഗിക്കുന്നുണ്ട്. വീടുപണി നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര മുളവടികള്‍ കൊണ്ട് കുത്തിപ്പൊന്തിച്ച് നിര്‍ത്തുമ്പോലെ നീണ്ട അടിക്കുറിപ്പുകളുള്ള കവിതകള്‍ അച്ചടിമാധ്യമങ്ങളില്‍ വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. ബ്ലോഗിലാണെങ്കില്‍ ഹൈപ്പര്‍ ലിങ്കുകള്‍ കൊണ്ട് പ്രയാസമില്ലാതെ പരിഹരിക്കാനാവുന്നതാണ് ഈ പ്രശ്നം. ബ്ലോഗിലെ കവിതകള്‍ വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ , അവയെ കുറിച്ച് ‘അകം’ ഓണപ്പതിപ്പില്‍ വന്ന സച്ചിദാനന്ദന്റെ വിലയിരുത്തലെങ്കിലും റഫീക്ക് വായിക്കുമെന്ന് കരുതുന്നു.
കവി എങ്ങനെയെഴുതണം എന്നതില്‍ നിന്നും മാറി, കവിതയ്ക്ക് എങ്ങനെ അഭിപ്രായം പറയണം എന്നു പോലും പറയുന്നതരത്തില്‍ കവിതാ ചര്‍ച്ചയെ എത്തിച്ചുവെന്നത് ബ്ലോഗിന്റെ കൌതുകങ്ങളില്‍ ഒന്നാണ്. “എന്തെഴുതിയാലും പ്രശംസിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നന്നായെഴുതാനുള്ള സമ്മര്‍ദ്ദം കവിക്കനുഭവപ്പെടുന്നില്ല” എന്ന്‍ സച്ചിദാനന്ദന്‍ പറയുമ്പോള്‍ എന്തിനുവേണ്ടിയാണ് ഒരു കവി എഴുതുന്നത് എന്നതിനെ പറ്റി വിശദമായി ചര്‍ച്ചചെയ്യേണ്ടി വരും. പ്രശംസയും പത്തോ അമ്പതോ കമന്റുകളും മാത്രമല്ല കവിയുടെ ലക്ഷ്യം. കവിതകള്‍ വായിച്ചാസ്വദിച്ച് കമന്റിടാതെ ഇരിക്കുന്ന നല്ല വായനക്കാര്‍ , സച്ചിദാനന്ദനടക്കം എത്രയോ അധികം പേര്‍ പുറത്തുണ്ട് എന്ന അറിവ് ബ്ലോഗിലെ ഓരോ കവിക്കുമുണ്ട്. കമന്റുകളുടെ സ്വഭാവം കവിതകളുടെ ശരാശരിവല്‍ക്കരണത്തിന് ഇടയാകില്ലേ എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ , നിലവാരം ഉയര്‍ത്തുന്നതിനായി, ബ്ലോഗിലെ കവിതകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും, ഇന്റര്‍നെറ്റു വഴി നിരവധി കവിതാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളത്തിലെ തലമുതിര്‍ന്ന കവിയെന്ന നിലയിലും സച്ചിദാനന്ദന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാനുണ്ട്.
‘തിരമൊഴി’ എന്ന വാക്ക് പി.പി. രാമചന്ദ്രന്റെ സംഭാവനയാണ്. അദ്ദേഹം എഡിറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ കവിതാ പ്രസിദ്ധീകരണമായ ഹരിതകം, മലയാള കവിതാലോകത്തിന് ചെയ്യുന്ന സംഭാവനകള്‍ ചെറുതല്ല. ലോകകവിതകളെ പരിചയപ്പെടുത്തുന്ന വി. രവികുമാറിന്റെ ‘പരിഭാഷ’ എന്ന ബ്ലോഗ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ‘ബൂലോകകവിത’, ‘പുതുകവിത’, ‘ആനുകാലിക കവിത എന്നിങ്ങനെ കവിതയ്ക്കു മാത്രമായി നിലകൊള്ളുന്ന വെബ്സൈറ്റുകള്‍ ധാരാളമുണ്ട്. ‘വര്‍ക്കേഴ്സ് ഫോറം’ എന്ന ബ്ലോഗില്‍ കവിതാസംബന്ധിയായ നിരവധി ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.
ഇവിടെയും മറ്റ് സൈബര്‍ ഇടങ്ങളായ ‘ഫേസ് ബുക്ക്’, ‘ഗൂഗിള്‍ ബസ്സ്’ തുടങ്ങിയവയിലും നടക്കുന്ന ഗുണനിലവാരമുള്ള കവിതാചര്‍ച്ചകള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില കവികള്‍ ചര്‍ച്ച മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ‘കപട ആത്മനിന്ദ’ പ്രയോഗിച്ച് വാലുമുറിച്ച് രക്ഷപ്പെടുന്നതും കാണാറുണ്ട്. ‘വരിമുറിക്കവിത’യെ പറ്റിയും, കവിത മനസ്സിലാകായ്മയെപ്പറ്റിയും, വൃത്തകവിതയെപ്പറ്റിയും മറ്റുമുള്ള സംവാദങ്ങളില്‍ കവിതയെക്കുറിച്ച് ധാരണയില്ലാത്തവര്‍ പോലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലത്ത് ഇടപെടാതെ ബ്ലോഗിലെ കവിതയോട് നിഷേധാത്മക നിലപാടെടുക്കുകയാണോ, അക്കാദമിക് പ്രഗത്ഭരും, പ്രിന്റ് മീഡിയയിലുള്ള മുതിര്‍ന്ന കവികളും ചെയ്യേണ്ടത്?. ഇനി തിരിച്ച് വ്യാകരണം, ഭാഷാചരിത്രം, കാവ്യമീമാംസ തുടങ്ങിയവയെ സംബന്ധിച്ച പരമ്പരാഗ വിജ്ഞാനം സൈബര്‍ ഇടങ്ങളിലും ലഭ്യമാക്കേണ്ടതില്ലേ?. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഇവിടത്തെ അക്കാദമികളോ, സര്‍വ്വകലാശാലകളോ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടോ ആരെങ്കിലും ഏറ്റെടുക്കുമോ?
കവികളെ മുട്ടി നടക്കാന്‍ വയ്യ
പ്രധാനമായും ആനുകാലിക എഡിറ്റര്‍മാര്‍ പറയുന്ന ഒരു വാചകമാണിത്. എല്ലാവരും കവികളാകുന്ന കാലത്തെ എന്തിനാണ് ഭയക്കുന്നത്?. കവിതാവായനക്കാരെല്ലാം കവികളുമാണെന്ന് അന്‍വര്‍ അലി പറഞ്ഞു (മലയാളം ഓണപ്പതിപ്പ്). ഗഫൂര്‍ കരുവണ്ണൂരിന്റെ ‘വായനക്കാരന്റെ കത്ത്’ എന്ന കവിതയില്‍ ഇങ്ങനെ: “ നിന്റെ ചിലയൊച്ചകള്‍ ആല്‍മരച്ചോട്ടിലെ/ സര്‍ക്കസ് ഓര്‍മ്മപ്പെടുത്തി/ വെറും ആല്‍മര സങ്കേതത്തില്‍ / അതിശയിപ്പിച്ച് സര്‍ക്കസ് കളിച്ച നാടോടിയെ/ സ്നേഹിതാ, പറഞ്ഞു പറഞ്ഞ്/ ഞാനൊരു കവിയാകുമോ?/ ചെറിയ വാക്കിന്റെ ചെറിയ ഒച്ചകള്‍ / മുഴക്കങ്ങളാകുമോ?”
“നൂറുകവിതകളാണെന്റെ പുഴ,യതിന്‍ / തീരത്തു വിരല്‍ കൊണ്ടു കോറുമ്പോള്‍ നൂറ്റൊന്നാകും” എന്ന തരത്തില്‍ (‘നൂറ്റൊന്നു കവിതകള്‍ ’, ശ്രീകുമാര്‍ കരിയാട്) ആര്‍ക്കും കടന്നുപോകാന്‍ പറ്റുന്നത്ര ലളിതമാണ് ഇന്നത്തെ കവിതയുടെ വഴികള്‍ .
എസ്. ജോസഫ് എഴുതിയ ‘എന്റെ കാവ്യജീവിതം’ എന്ന കുറിപ്പില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27) അദ്ദേഹം, തന്റെ കവിതകള്‍ മുതിര്‍ന്ന ചില കവികള്‍ക്ക് ഇഷ്ടമായിരുന്നില്ല എന്ന് പരിഭവിക്കുന്നുണ്ട്. ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?. പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്.
ഡി. വിനയചന്ദ്രനെയും, അയ്യപ്പനെയും, ജോസഫിനെയുമൊക്കെ, സി.ആര്‍ പരമേശ്വരന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അവര്‍ കവികളല്ലാതാകുമോ?.
“ഹരിയേക്കണ്ടാല്‍ / കവിയാണെന്നേ തോന്നില്ലെന്ന്/ അജിത ഗവേഷക/ കണ്ടാല്‍ മാത്രമല്ല/ കവിത വായിച്ചാലും തോന്നില്ലെന്ന് / ജിസാ രസിക” (പരബ്രഹ്മാനന്ദം, എ.സി. ശ്രീഹരി).
ടി.പി. വിനോദിന്റെ ‘ആംഗ്യങ്ങള്‍ ’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു: “പരാജയപ്പെടുന്നതുകൊണ്ട്/ പാവനമായിത്തീരുന്ന/ രണ്ടുകാര്യങ്ങളില്‍ / ഒന്നാമത്തേത് പ്രണയവും/ രണ്ടാമത്തേത് കവിതയുമാവണം”.
കവിതകാരണം പരാജയപ്പെട്ട പ്രണയവുമുണ്ട്.
“എനിക്കെന്റെ ആദ്യപ്രേമം നഷ്ടമായത്/ ഞാനെഴുതിയ ആദ്യകവിത/ അവള്‍ക്ക് വായിക്കാന്‍ കൊടുത്തതിനാലാണെന്ന്/ രണ്ടാമതൊരു കവിതയെഴുതി രണ്ടാമത്തവളെ/ വായിച്ചു കേള്‍പ്പിച്ചപ്പോളാണ്/ മനസ്സിലായത്./ രണ്ടാമത്തവള്‍ പോയ/ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ / അതാ മൂന്നാമതൊരു കവിതയെഴുതാന്‍ മുട്ടലുണ്ടാകുന്നു/ ആ കവിത എന്റെ പട്ടിയെഴുതും..” (‘പ്രേമമേ നീ പെട്ടെന്ന് തീര്‍ന്നുപോമൊരു കവിതയോ’, അജീഷ് ദാസന്‍ ).
ചില കവിതകള്‍ കാലം കഴിഞ്ഞ് തിരിച്ചറിയപ്പെടാം. “ഇത്ര നാള്‍ വായിച്ചിട്ടും/ തിരിയാത്ത കവിത/ ഇന്നു സംസാരിച്ചു തുടങ്ങും/ ചുരുങ്ങിയത്/ ഒരു കത്തെങ്കിലും വരും/ ഞാന്‍ സ്നേഹിക്കുന്ന/ എന്നെ സ്നേഹിക്കുന്ന/ ഒരാളുടെ” (‘എഴുതുമല്ലോ’, എന്‍.ജി. ഉണ്ണികൃഷ്ണന്‍ ).
ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും, അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, കവിതയുടെ ഉയര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ കവിതാസ്നേഹികള്‍ക്കു കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.
**************************************
[സമകാലിക മലയാളം വാരിക, 2010 നവംബര്‍ 19]

